ഉടുത്തുകെട്ടിവന്നുറുഗ്വയെ
പ്പിടിച്ചുകെട്ടുവാൻ
തൊടുത്തു പോർച്ചുഗീസുകാർ
കടുപ്പമേറുമമ്പുകൾ
ഒടുങ്ങിടാത്ത വീര്യമോടെ
യങ്കമേറ്റുശത്രു ഹാ!
നടുങ്ങിവീണു ബോധമറ്റടർക്കള ത്തിലിങ്ങിതേ
2022 നവംബർ 29, ചൊവ്വാഴ്ച
പോർച്ചുഗൽ vs ഉറുഗ്വേ WC22
വാഴ്വേമായം
ഒട്ടേറെജ്ജനനീ സ്തനം പലയുഗം മുത്തിക്കുടിച്ചിട്ടുമെ-
ന്നിഷ്ടം വിട്ടൊഴിയുന്നതില്ല, ശിശുവായിന്നും രമിക്കുന്നു ഞാൻ
കട്ടക്കയ്പ്പുരസം പുരട്ടി വിധി തൻ സ്തന്യം തരും നേരവും
നൊട്ടുന്നൂ കൊതിയോടെ, ജന്മമിനി ഞാൻ പുൽകീടുമോ തീരുമോ
നെതർലൻഡ് vs ഇക്വഡോർ WC22
വീരോചിതം പൊരുതിയിന്നു കളിക്കളത്തിൽ
തീരാത്തതാം വിജയദാഹമൊടി
ക്വഡോറി
തീരം സുരക്ഷിതമതാക്കി സമം
പിടിച്ചാ-
നോരോകളങ്ങളിലുമാളെ നിറുത്തി ഹോളണ്ട്
ഘാന vs സൗത്ത് കൊറിയ WC 22
രണ്ടു വൻകരകൾ കൂട്ടിമുട്ടിയിടറി ത്തെറിച്ച ചില മുത്തുകൾ
കൊണ്ടുവന്നു പുളകം കളത്തിലിഹ ഘാനസൗത് കൊറിയ മത്സരം
കണ്ടു തൃപ്തിയടയുന്നമാത്ര ചെറു മോഹമെന്റെയകതാരിലാ-
യുണ്ടു ഭാരതപതാകയിക്കളിഗൃഹ
ത്തിലാടുവതു കാണുവാൻ
2022 നവംബർ 28, തിങ്കളാഴ്‌ച
അർജന്റീന vs മെക്സിക്കോ WC22
പുലി പതുങ്ങുവതെന്തിനു ശക്തിയോ-
ടലറി വേഗത കൂട്ടിയെതിർക്കുവാൻഉലകരർജ്ജിയിലിസ്ഥിതികണ്ടു പോ-
ലരിയെ വെന്നിരയാക്കിയ കേളിയിൽ
ഫ്രാൻസ vs ഡെന്മാർക് WC22
ഫ്രഞ്ചു വിപ്ലവവീര്യമോടെയിരച്ചു കേറിയ നേരമ-
ങ്ങിഞ്ചിനിഞ്ചുവിടാതെതിർത്തരി
ഡാനിഷർ സമമെത്തവേ
നെഞ്ചുറപ്പൊടു വന്ന വീരനൊരാളു ബൂട്ടുകളാലെ വൻ
പഞ്ചൊരെണ്ണമതങ്ങുതാങ്ങിയതേറ്റുഡാനിഷു വീണു ഹാ!
2022 നവംബർ 25, വെള്ളിയാഴ്‌ച
ബ്രസീൽ vs സെർബിയ WC22
അരിവിമർദ്ദന പാടവമേറിടും
പെരിയ ശക്തിയെഴുന്നവരാം ബ്രസീൽഒരുമയോടെ കളിച്ചു, പരാജയ-
ക്കരിപുരണ്ടു വലഞ്ഞിതു സെർബിയ
പോർച്ചുഗൽ vs ഘാന WC22
നിരന്നു മികവോടു പോർച്ചുഗ,ലതി ന്നുചേരുന്ന പോൽ
പരന്നൊളി പകർന്നു ഘാന, കളി
കേമമാവുന്നിതാ
തരത്തിലിരുകൂട്ടരും വലകുലുക്കെ,
യാവേശമോ
പെരുത്തു, ജയവീഥിയിൽ,ക്കളി പറ ങ്കിനേടീ സഖേ
2022 നവംബർ 24, വ്യാഴാഴ്‌ച
സ്പെയിൻ vs കോസ്റ്ററിക്ക WC 22
ഉറച്ച ലക്ഷ്യബോധവും മികച്ച പന്തടക്കവും
നിറഞ്ഞൊരസ്പെയിൻ കളംപിടിച്ചു
കേളിയാടവേ
തുറന്നു വെച്ചു കോസ്റ്ററിക്ക ഗോൾമുഖം സദാ, അതിൻ
കുറഞ്ഞ ശിക്ഷയേഴുഗോളുവാങ്ങി
രക്ഷ നേടിനാർ
ജർമനി vs ജപ്പാൻ WC 22
സുനാമി പോലിരമ്പിയാർത്ത ജർമ്മരെത്തടുക്കുവാൻ
കനത്ത കോട്ടകെട്ടിടുന്നതിന്നിടയ്ക്കു ജാപ്പനീസ്
അനന്യ ധൈര്യമോടെ വീശിടുന്നതാം വലയ്ക്കകം
മനസ്സു പോലെ രണ്ടുകൊട്ട മീൻ
കിടച്ചതദ്ഭുതം
2022 നവംബർ 23, ബുധനാഴ്‌ച
അർജന്റീന vs സൗദി അറേബ്യ 2022 wc
എൺപത്താറിനു ശേഷമെത്ര തവണ പ്പോരാടിയൂർജ്ജസ്വലം
കാൽപ്പന്തിൻ മഹിമയ്ക്കുചേർന്ന വിധമീ ലാറ്റിൻ പുലിക്കുട്ടികൾ
ആ പാദങ്ങളെ വേട്ടയാടി കഴുകൻ കൂട്ടങ്ങളാം സൗദി, ഹാ!
ശാപഗ്രസ്തദിനം മറക്ക, പൊരുതാം വീറോടെ മുന്നേറിടാം
