Powered By Blogger

2024, ജനുവരി 31, ബുധനാഴ്‌ച

നിരാസം

പരമ സാത്വികനന്തിയിലെന്നിയേ

തരിയടുക്കളബാന്ധവമറ്റവൻ

അരികിലെത്തിയതും വധു ചൊല്ലിയീ

നരനെ വേണ്ടയെനിക്കു വരിക്കുവാൻ

2024, ജനുവരി 27, ശനിയാഴ്‌ച

വ്രജശോകം

തുള്ളിപ്പാലു ചുരത്തുവാൻ മടികലർ

ന്നീടുന്ന ഗോവൃന്ദവും 

പുള്ളിപ്പീലിയൊഴിഞ്ഞ കേകി നിരയും

മെല്ലിച്ച കാളിന്ദിയും 

ഉള്ളം നൊന്തു സദാ കരഞ്ഞു കഴിയും 

ഗോപാലരും, കഷ്ടമേ 

കള്ളക്കണ്ണനകന്നതിൽ തളരുമീ 

വൃന്ദാവനം മൂകമായ് 


ബ്രാഹ്മണ്യം സമസ്യ ഫെബ്രുവരി 2024

ഉലകരുണ്മ നിനച്ചുയിരേകിടും

കലിത കൃത്രിമ ബുദ്ധിയിലെത്രയും

വലിയ ഗൂഢതലങ്ങളിരിക്കയാൽ

ചിലതിനാലതിനാശമണഞ്ഞു പോം 


2024, ജനുവരി 26, വെള്ളിയാഴ്‌ച

ഊറ്റം

ആരും കാണാതെയെന്നും മുറിയിലണ

യുമെന്നല്ല തോന്നും പടിയ്ക്കാ-

യോരോ താളം ചവിട്ടും ധൃതിയിലക

മലങ്കോലമാക്കീട്ടു പോകും

കാറ്റേ! നിന്നെക്കുരുക്കാനുതകുമൊരു

മുളം തണ്ടു ഞാനൂതിയെന്നാ-

ലൂറ്റം വിട്ടീണമാകാതവിടവിടെ പതു

ങ്ങുന്ന നീയെത്ര നീചൻ 

2024, ജനുവരി 18, വ്യാഴാഴ്‌ച

തോണിയാത്ര

സംസാരാബ്ദ്ധികടക്കുവാനുതകിടും 

ദാമ്പത്യ വള്ളത്തിലൊ-

ട്ടുത്സാഹിച്ചുകരേറി യാത്ര തുടരു

ന്നുണ്ടെങ്കിലും ചുറ്റിനും 

അസ്വാഭാവിക കോളിളക്കമുയരാൻ 

ഭാവിയ്ക്കുമീവേള നാം 

നൽസാമർത്ഥ്യമിയന്നു തീരമണയാൻ

യത്നിക്കണം മത്സഖീ


മാതൃശീലം

തന്നോടൊത്തൊരു ജീവനാമ്പു വളരു

ന്നുണ്ടെന്നറിഞ്ഞാർദ്രയായ് 

മാതൃത്വം പകരുന്ന നിർവൃതി

നുകർന്നീടുന്ന നാരീമനം

താനാർജ്ജിച്ച മഹദ്ഗുണങ്ങളഖിലം

കുഞ്ഞിന്നു കൈമാറുവാ-

നൊക്കും വണ്ണമൊരുക്കിടുന്നു മഹിയിൽ 

തൻ ശീലമൊന്നാകവേ

2024, ജനുവരി 17, ബുധനാഴ്‌ച

കീടനന്മ

തനിക്കു ചുറ്റും ക്ഷിതി ചുറ്റുമെന്നേ 

നിനച്ചു വാഴും ഭരണജ്ഞരേക്കാൾ

ഗരം വഹിക്കുന്നൊരു കീടമേകാം

നരന്നു പാരിങ്കലിടയ്ക്കു സാഹ്യം 


2024, ജനുവരി 10, ബുധനാഴ്‌ച

മൂല്യം

പച്ചകുത്തിയ ദേഹവും നിറമേഴു പൂശിയ

കേശവും

കൊച്ചുചേലതുളച്ചു മേനി തുറന്നു

കാട്ടിയുമങ്ങനെ

ഇച്ഛപോലെ നടപ്പു കേരളനാട്ടിലിന്നു

യുവത്വമെ-

ന്നച്ഛ സംസ്കൃതി കണ്ണടച്ചു പിഴച്ച

കാഴ്ചകളേറവേ 

ശുഭവർഷം

ഭാരിച്ച താപമഴ മിന്നലതീവ വേഗം

പൂരിച്ച കാറ്റു കടലേറ്റവുമായി ദുഃഖം 

തോരാതെയേകി മറയുന്നുവൊരാണ്ടു ശേഷം 

നേരോടെയെത്തി ശുഭമാം വരനീര വർഷം

2024, ജനുവരി 7, ഞായറാഴ്‌ച

സങ്കടപ്പുഴ

മഴ കാലമറിഞ്ഞു പെയ്യുകി-

ല്ലൊഴിവാകയുമില്ല, പാടമോ

പുഴയായി, മൊഴിഞ്ഞു സങ്കട-

പ്പുഴ നീന്തി വലഞ്ഞ കർഷകൻ 

താംബൂല രസം

തളിർ വെറ്റില നൂ,റടയ്ക്കയും

തുളുനാട്ടിലെ നൽപ്പുകേലയും

കളവല്ലിവ ചേർന്നതാം മുറു-

ക്കളവറ്റ രസം പകർന്നിടും 

2024, ജനുവരി 6, ശനിയാഴ്‌ച

വിത്തുഗുണം

കിനാവിന്റെ പാടത്തു ഞാൻ നട്ട വിത്തിൻ 

കനം പോരയെന്നോ മുളച്ചില്ല തൈകൾ

മെനക്കെട്ടു വീണ്ടും വിതയ്ക്കുന്ന ജോലി-

യ്ക്കെനിയ്ക്കാവതില്ലെന്നുരയ്ക്കുന്നു

ചിത്തം 

2024, ജനുവരി 5, വെള്ളിയാഴ്‌ച

ചതി

സ്മൃതിച്ചെപ്പിനുള്ളിൽ തിളങ്ങുന്ന ബാല്യ-

ത്തിരശ്ശീല കീറിപ്പറിക്കാനൊരുങ്ങി

ചതിച്ചോടു വച്ചെത്തിടുന്നുണ്ടു കാല-

പ്പെരുംപൂതമയ്യോ തടുക്കാനസാധ്യം 


2024, ജനുവരി 3, ബുധനാഴ്‌ച

വിടുതൽ

ഒന്നോർക്കേണം , പഠന മികവിൻ
കാറ്റു തട്ടാതെ വാണോ-

രെന്നേ പോയ്‌ താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ

എന്നാൽ ഞാനും വെടിയുമുടനീ
രാജ്യ,മല്ലാതെ ചുമ്മാ-

നിന്നാലാവി,ല്ലതു നിയതമാ
ശങ്കയില്ലെങ്കലേതും


(ആദ്യത്തെത് പാഠം)

ഒന്നാം ക്ലാസിൽ പഠന മികവാലെട്ടു കൊല്ലം കഴിഞ്ഞോ-

നെന്നേ പോയ്‌ താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ 

എന്നാൽ ഞാനും വെടിയുമുടനീരാജ്യ,മല്ലാതെ ചുമ്മാ-

നിന്നാലാവി,ല്ലതു നിയതമാശങ്കയില്ലെങ്കലേതും

മിഴിമൊഴി

വഴിനീളെ നടന്നു പൂക്കളും

പഴവും വിറ്റു വരുന്ന കന്യ തൻ

മിഴി ജീവിതഭാരമൊക്കെയും

മൊഴിയാതിന്നുമൊഴിഞ്ഞിടുന്നുവോ