Powered By Blogger

2020, ഏപ്രിൽ 19, ഞായറാഴ്‌ച

നഷ്ടസ്വർഗം

എട്ടുമാസം കൊതിച്ചൊന്നാ-

യൊട്ടുദൂരം നടന്നതും

ഒട്ടും കാരുണ്യമില്ലാതേ

കട്ടെടുക്കുന്നു ദുർവിധി


കാത്തിരിപ്പിന്റെ നാൾകഴി-

ഞ്ഞാത്തമോദേന പാടുവാൻ

കോർത്തതാരാട്ടുപാട്ടെല്ലാ-

മാർത്തനാദത്തിലാഴ്ന്നു പോയ്‌


ഒന്നുചേർന്ന ദിനം തൊട്ട-

ങ്ങൊന്നായ്ക്കാണും കിനാക്കളിൽ

നിന്നുമാലേയ സൗരഭ്യം

തന്നെത്താനെയകന്നുപോയ്


എങ്ങനെയാശ്വസിപ്പിക്കാൻ

കിങ്ങിണിപ്പെണ്ണിനെപ്പരം

തിങ്ങിടും നോവിനാലുള്ളം

വിങ്ങിനീറുന്ന വേളയിൽ


അമ്മയാകേണ്ടവൾ മുന്നിൽ

ജന്മമറ്റതു പോലവേ

ആ മനസ്സു തണുപ്പിക്കാൻ

ജന്മമെത്രയെടുക്കണം


കണ്ണേ! മുന്നോട്ടു പോയീടാൻ

കണ്ണുനീർച്ചാലു താണ്ടണം

മണ്ണായ്ച്ചേർക്കേണ്ടതാം വിത്തു

മണ്ണിൽ നട്ടു വളർത്തണം


കൂടും ദുഃഖം ശമിപ്പിക്കാ-

നോടും കാലത്തിനൊക്കയാൽ

കേടറ്റിങ്ങു തളിർക്കുമി-

ക്കാടും പുഷ്പങ്ങളാലെടോ


പാടും താരാട്ടൊരുണ്ണിക്കാ-

യാടും പാട്ടൊത്തു നിൻ മനം

വാടാതെക്കണ്ടുനിൽക്കൂ നിൻ

കൂടെത്തന്നുണ്ടു ലോകവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ