Powered By Blogger

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

പൈങ്കുളം കിഴക്കേപ്പാട്ട് വാര്യത്തെ രാധാകൃഷ്ണ വാര്യരുടെ താല്പര്യ പ്രകാരം, അദേഹത്തിന്റെ മാതാവിന്റെ ഓർമ്മയ്ക്കായി കുറിക്കുന്ന വരികൾ

ശ്രീദേവി പ്രിയനൊത്തു ചെന്നു ഗരിമാ വേറുന്ന ബോംബേപുര,-

ത്താദ്യം തെല്ലു ഭയന്നുവെങ്കിലുമുടൻ ശീലിച്ചു ദേശാന്തരം

ഉദ്ദേശിച്ചതു പോലെ ഭർതൃഹിതവും നന്നായി നോക്കി, ത്തിരി-

ച്ചദ്ദേഹം കരളിന്നുനൽകി സുഖവും, ക്ഷേമം വിളങ്ങീ നലം


തമ്മിൽത്തമ്മിലറിഞ്ഞകാലഗതിയിൽ കൈവന്നു സൗഭാഗ്യമാ-

യമ്മേയെന്നുവിളിക്കുവാനരുമയാം സൽപുത്രനും, ജീവിതം

സമ്മോദം പുലരുന്നവേളയവൾതൻ സീമന്തരേഖയ്ക്കു മേൽ

കാർമേഘക്കരിപറ്റി,യിഷ്ട ഹൃദയൻ ചേർന്നൂ ശിവങ്കൽ, ദ്രുതം


മാലേറും സമയത്തു മാതൃ ഹൃദയം ക്ഷീണിച്ചു നിന്നില്ല, ത-

ന്നാലംബം തനിയെത്തിരഞ്ഞു പിരിയും മുൻപേ പ്രിയൻ ചൊന്ന പോൽ

കാലും കൈയുമിടയ്ക്കുവേച്ചു, വിലവ യ്ക്കാതെ പ്രയാണം തുടർ-

ന്നല്ലിൻവീഥി കടന്നു ജീവിതജയം നേടീ സുധീരാംഗന 


ബാല്യം പൂത്ത നിളാ നദിക്കരയിലെ ഗ്രാമം വിളിയ്ക്കേ, കുറെ-

ക്കാലംപാർത്തുമടുത്ത വൻ നഗരവും വിട്ടിങ്ങു വന്നൂ, ജനി 

രാധാകൃഷ്ണകൃപാകടാക്ഷമനിശം സിദ്ധിച്ച മൂലം മഹാ-

വ്യാധിയ്ക്കൊന്നുമടുക്കുവാനവസരം വന്നില്ല, സന്ധ്യയ്ക്കുമേ


എന്നാളും തവപാദസേവ വിധിയാം വണ്ണം നടത്തും മകൻ

തന്നെച്ചേർത്തുപിടിക്കുവാനിളയവർ, സന്നദ്ധയായ് തൻ സ്നുഷ

എന്നാലും സ്വയമേവ ചെയ്തു കഴിയും  പോലൊക്കെയും, നാരിയാ-

ളെന്നും, പൈങ്കുളനാട്ടുനന്മ പുലരും ചിത്തം പ്രസന്നാത്മകം 


പൂർവ്വസൂരികൾ കൊരുത്തതാം തുളസി മാല മാറിലണിയും ശിവ-

യ്ക്കാവതും ഭവതി കോർത്തുനൽകി ദശപുഷ്പമാലിക, ദിനംദിനം 

ആ വരേണ്യഗുണമേകിടുന്ന ശതകോടിപുണ്യവുമണിഞ്ഞു സദ്-

ഭാവരാഗസുധ ചേർന്നു ചുണ്ടുകളഖണ്ഡനാമമുരുവിട്ടുപോൽ 


അല്പനേരമകലേക്കുമാറി തവപുത്രനെന്നറിവു കിട്ടവേ

നില്പുമാറ്റി വിധി വന്നടുത്തു തടയാൻ മറന്നനില ഭാരതി

തല്പമേറി ഹിമശീതമസ്ഥിതി ശിവം വെടിഞ്ഞു മിഴി പൂട്ടി, ഹാ 

കല്പനയ്ക്കു വഴിമാറി ജീവനദി വറ്റി,യമ്മ ഭുവിയോർമ്മയായ് 


മാതാവിന്നോർമ്മയെന്നും മഹിയിതിലധികം ശോഭയോടെത്തിളങ്ങാ-

നേതാൾക്കും മോഹ,മെ ന്നാ,ലൊരു തനയ നതിന്നിങ്ങുകാണു ന്നമാർഗ്ഗം

ശ്രീതാവും പുസ്തകം താ,നതിനിതളു കളിൽ കാവ്യവും,ഞാൻ നമിച്ചി-

ട്ടേതാണ്ടെന്തോ കുറിപ്പൂ, ശ്രമമിതു ശരിയായ് തീരുകിൽ, ചേർത്തുകൊള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ