Powered By Blogger

2023, മേയ് 28, ഞായറാഴ്‌ച

അക്ഷയസ്മൃതി

കൈകാലെത്ര വളർന്നു,കുഞ്ഞു കമിഴാ റായോ മലർന്നീടുവാ-

നുണ്ടോനോട്ടമതോ പിടിച്ചു കയറാ നാണോശ്രമം, രണ്ടു പേർ

സാകൂതം ജനനം മുതൽക്കു ദിനവും വീക്ഷിയ്ക്കുമാൺപൈതലി-

ന്നോരോരോ ചലനങ്ങളേകിയവരിൽ പുത്തൻപ്രഭാതം സ്ഥിരം


നെഞ്ചിൽ ചാഞ്ഞുകിടന്നു പാലമൃതുനൽ
ചുണ്ടാലെനൊട്ടീടവേ

അമ്മേയെന്നുമൊഴിഞ്ഞിടുന്നു, ഹൃദയം കാതോർത്തിരിക്കേയവൻ

വ്യക്തംപിന്നെയുമോതിയമ്മ, കരളി ന്നാനന്ദമേകീ കുരു-

ന്നച്ഛായെന്നുവിളിച്ചു പുഞ്ചിരി പൊഴി
ക്കുന്നൂ നറും പൂവു പോൽ


ആ ബാല്യം തളിരിട്ടു,വീടു കുസൃതി
ക്കൂടായി മാറി, പ്രിയം

വായ്ക്കും കൊഞ്ചലുയർന്നു, പാദമലരാ മുറ്റത്തുറപ്പിയ്ക്കയായ്

നാവിൽശ്രീയെഴുതിച്ചു വിദ്യ തികവാർ ന്നേകീ, പഠിത്തത്തിലും

മുന്നേറുന്ന കുമാരനിൽതെളിമയാർ ന്നാളുന്നിതേയൗവനം


ഏട്ടൻതൻ പ്രിയസോദരിയ്ക്കു സഹജൻ കൂട്ടർക്കു, തന്നാലെഴു -

ന്നേതാവശ്യവുമാർക്കുമെപ്പൊളുമറി ഞ്ഞേകാൻ മടിക്കാത്തവൻ 

സാരം നർമ്മരസം കലർന്ന കഥതൻ
ഭാണ്ഡം ചുമക്കുന്നവൻ

ദ്വേഷിക്കാതതു കെട്ടഴിച്ചു ചൊരിയാൻ വൈദഗ്ദ്ധ്യമേറുന്നവൻ


കേടറ്റങ്ങിനെയുല്ലസിച്ച സമയം കാലത്തിനും മോഹമാ-

യക്ഷയ്യാമരപീഠമേറ്റിയൊരുസത്ക്കാരം നിനക്കേകുവാൻ

ഹാ നീ നിത്യമനന്തനിദ്ര വരമായ് മേടിച്ചു മിണ്ടാതെപോ-

യെന്നോർക്കേയിരുളെന്നെകത്തു നിറയു
ന്നെന്തെന്തു ചെയ്യാമിനി


കാലം ക്രൂരതകാട്ടിടുന്നതുലകം
വിട്ടോരിലോ കേവലം

നീറുന്നോർമ്മനിറഞ്ഞജന്മമിവിടെ ത്താണ്ടാൻ വിധിച്ചോരിലോ

രണ്ടും കഷ്ടമതെങ്കിലും ഗുരുതരം
രണ്ടാം ക്രമക്കാരവർ-

ക്കേകേണം പരമേശ്വരാ മതിബലം ദുഃഖാർണ്ണവം താണ്ടുവാൻ







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ