Powered By Blogger

2023, മേയ് 1, തിങ്കളാഴ്‌ച

അരിക്കൊമ്പൻ

അമ്മയെന്നെ വിട്ടു പോയ ബാല്യവും കടന്നു വ-


ന്നുണ്മയോടെയൊത്ത കൊമ്പനായി കാലവൈഭവാൽ

കൂട്ടരൊത്തു കേളിയാടിയാസ്വദിച്ചു കാടക-

ത്തെങ്ങുമോടിയാഹരിച്ചു നീർകുടിച്ചുറങ്ങി ഞാൻ

ഭംഗികണ്ടു കൂടിയെന്റെയൊപ്പമെത്ര പേടകൾ

അങ്കുരിച്ച രാഗധാരയിൽ വിരിഞ്ഞു പൂക്കളും

കാത്തുരക്ഷ നൽകി ഞാൻ കൂട്ടുകാരിയെ ചിരം

ചേർത്തുനിർത്തി തുമ്പിയാൽ ബാലരേയുമൊന്നു പോൽ

നന്മപൂത്തുനിൽക്കുമെന്റെ ഭൂമിയാകെമൊത്തമായ്

തിന്മയേറിടും നരർക്കു സ്വന്തമായി മാറവേ

എന്റെയായതൊക്കെയും തകർന്നു വീണ സങ്കടം

കൂടി വന്നു ക്ഷീണമായി കാനനം വെടിഞ്ഞു ഞാൻ

മെല്ലെയങ്ങിറങ്ങി,യല്ലിറക്കിയെന്നെ എത്തിഞാൻ

നിങ്ങൾ വാഴുമീയിടത്തിലേക്കു നീണ്ടു ജീവിതം

വിശന്ന നേരമാദ്യമായി നേർക്കു കണ്ടകെട്ടിടം

പൊളിച്ചു കേറിയാഹരിച്ചു തൃപ്‍തനായ് മടങ്ങവേ

ചാക്കുകെട്ടിലായടച്ചു വെച്ച സാധനം രുചിച്ചു

ഞാനരിയ്ക്കു വേണ്ടി നാട്ടിൽ
വീണ്ടുമെത്തിപോൽ

തിന്നു തിന്നു പേരരിക്കൊമ്പനെന്നു വീഴവേ

ഞാൻ ധരിച്ചതിഷ്ടമെന്നു തെറ്റിയോ കണക്കുകൾ

എന്നൊടേൽക്കുവാനിടയ്ക്കു
വന്ന മർത്യരൊക്കെയും

എൻ മദക്കലിയ്ക്കുമുന്നിലപ്പൊളപ്പൊൾ തീർന്നു പോയ്‌

പഴിച്ചു നിങ്ങളെന്നെ ഉള്ളിലുണ്ടു സങ്കടക്കടൽ

ഒളിച്ചു ഞാനിടയ്ക്കു ചെയ്തതോർത്തു വേദനിക്കവേ

തോക്കുമായി വന്നു പിന്നെയേറെ മർത്യജാതികൾ

തോൽക്കുവാൻ വിസമ്മതം പറഞ്ഞു പോരടിച്ചു ഞാൻ

തോന്നി പിന്നെയെന്തിനെന്നു ഞാനയഞ്ഞു നിങ്ങളോ

പൊക്കിയെന്നെ വണ്ടികേറ്റി ഞാൻ തടഞ്ഞതില്ലെടോ

കാടുമാറ്റിയെന്നെയിന്നു കൊണ്ടുപോകെ മാനസം

വെന്തിടുന്നു ഞാൻ വളർന്ന മണ്ണു തന്നെയല്ലിതും

പുത്തനാമിടത്തിലേയ്ക്കു മാറിടാം, അപേക്ഷയാ-

ണെന്റെ സ്വൈരതയ്ക്കുറപ്പു നൽകുവാൻ ശ്രമിക്കണേ

ഈശ്വരന്റെ സൃഷ്ടിയായൊരേതു  ജീവനും ഭുവി-

യ്ക്കീഷലറ്റു വാഴുവാൻ യോഗ്യ രെന്നുമോർക്കണേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ