Powered By Blogger

2023, ഏപ്രിൽ 22, ശനിയാഴ്‌ച

വേനൽക്കാഴ്ച

കടുക്കും വേനൽ കാലം പൊള്ളിച്ച പാടുമായി

തൊടിയിൽ കൃശ ഗാത്രം നിൽക്കുന്നു തൈത്തെങ്ങുകൾ

പൊടിച്ച പൂക്കുലകൾ കരിഞ്ഞു വീഴും നേരം

തടുക്കാൻ കഴിയാത്ത കവുങ്ങിൻ തേങ്ങൽ കേൾപ്പൂ

തളർന്ന മാവിൻ തൈകൾ കുഴഞ്ഞു കേണിടുന്നൂ

വളർന്ന ദാഹം തീർക്കാൻ ഒരിറ്റു
ജലത്തിനായ്

പരന്നു താഴ്ചയേറും കുളത്തിൽ
പിടയ്ക്കുന്നൂ

പരൽമീൻ കൂട്ടം ശ്വാസമെടുക്കാനരുതാതെ

വറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ കിണറിന്നു
ചുറ്റിലുമന്വേഷിച്ചു നെടുവീർപ്പിട്ടു മൂകം

പുലരും നേരം തൊട്ടേ ജ്വലിക്കും തീക്കട്ടകൾ
വലിച്ചെറിഞ്ഞു സൂര്യൻ നിർദ്ദയം നിരന്തരം

അടങ്ങാതന്തിയ്ക്കുമേ പുകയും
തീക്കട്ടയാൽ
നടുങ്ങി നിശാഗന്ധി പുകഞ്ഞു ശ്വാസം മുട്ടി

വായുവിൻ നീരു വറ്റി വരണ്ടു തൊണ്ട പൊട്ടി
മായുന്നു മണ്ണിൻ രുചി ഭൂമിതൻ നാവിൽ നിന്നും

തീ തന്നെ അകം പുറം തീ തിന്നും കുടിച്ചുമേ
ആതങ്കം പെരുകിടും ജീവിത താപം ബാക്കി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ