Powered By Blogger

2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണനാളിൽ

ഓണപ്പൂക്കൂടയേന്തി,ത്തൊടികളിലലയും

ബാല്യമോർമ്മയ്ക്കകത്താ-

യോണപ്പാട്ടിന്റെയീണം മറവിയുടെയടി

ത്തട്ടിലാണ്ടസ്തമിച്ചു

ഓണക്കോടിയ്ക്കു നീളും

കരയുഗവുമതിൻ ശോഭയും കെട്ടു, വെന്നാ-

ലോണം മാത്രം മറന്നില്ലിവകളെ,

മധുരോദാരമെത്തുന്നു വീണ്ടും



ഇന്നീമുറ്റത്തു പൂവിട്ടണിവതിനു

മെനക്കെട്ടതില്ലാ മടിച്ചി-

ട്ടിന്നും തൃക്കാക്കരപ്പന്നിലയട ചെറുതും

നേദ്യമായ് നൽകിയില്ല

പിന്നിപ്പോയൊറ്റമുണ്ടിന്നിഴകളിൽ

വിരലോടിച്ചിരിയ്ക്കുന്ന നേരം

വന്നൂ പൊന്നോണമിങ്ങീ വഴി,

വഴിതിരയും കാൽനടക്കാരനെപ്പോൽ



പട്ടിൻപൂഞ്ചേല, പട്ടക്കുട, മെതിയടി,

മേൽമുണ്ട്, തങ്കക്കിരീടം

ത്വിട്ടോലും ഹേമമാല്യം,മണിവളക,

ളരപ്പട്ട, പൊന്നിൻ കടുക്കൻ

കട്ടക്കാർ കൂന്ത, ലേറ്റം കരുണകലരുമാ

നേത്രയുഗ്മം , നൃപാഢ്യ-

പ്പട്ടം പേറുന്ന പുണ്യാത്മനെ, ബലിവരനെ,

ക്കണ്ടു ഞാൻ കൊണ്ടു ഹർഷം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ