Powered By Blogger

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

പ്രേ(മ)തം

ആശയടങ്ങാതെ മരിച്ചൊരു പ്രണയമേ
നിശയിലശരീരിയായ് വന്നു നീ പാടുക
കാലിലെപ്പൊന്‍ കൊലുസുകള്‍ തന്‍-
നാദതാളലയമിടയ്ക്കിടെ പകരുക
പുകമറ തീര്‍ത്തു കൊണ്ടകലത്തെക്കുന്നിലാ-
വാകയ്ക്ക് പിന്നിലെപ്പാലപ്പൂ ചൂടുക
നത്തു, വവ്വാല്,കുറുനരി കരിനാഗ-
മൊത്തു കരിമ്പൂച്ചയകമ്പടിയോടെ
തൂവെള്ള വസ്ത്രത്തില്‍ പാല്‍നിലാരാവിലാ-
ക്കാര്‍ക്കൂന്തല്‍ വിടര്‍ത്തിട്ടുറക്കെ ചിരിക്കുക
ഒരുഗതിപ്പരഗതിയില്ലാത്തവളായി
പാരുമുഴുവനുമിങ്ങനെ അലയുക
തന്നെക്കുറിച്ചറിയാതെയാവഴി -
യാരു വന്നീടിലവരെ വിരട്ടുക
ഇരുചക്ര നാല്‍ച്ചക്ര വാഹനക്കാരെയും
വെറുതെ ഭയത്തിന്‍റെ ഉള്‍പ്പൂ ചൂടിക്കുക
രാത്രിതന്നന്ത്യമാം നിമിഷമാവുമ്പോളാ-
വേഷ വിധാനങ്ങള്‍ അഴിച്ചുമാറ്റിക്കൊള്‍ക
പാലമരത്തിന്‍റെ തുഞ്ചത്തെക്കൊമ്പിന്‍റെ
ഇലകള്‍ തന്നിടയില്‍ക്കാറ്റായി മാറുക
ഒരുവനും വഴി നടക്കാത്ത വിധത്തിലാ
നാട്ടില്‍ ഭയത്തിന്‍റെ വിത്ത് വിതയ്ക്കുക
വിജനമാമുച്ചയ്ക്കു വെറുതെയിരിക്കാതെ
അന്നത്തെയ്ക്കുള്ളോരുക്കങ്ങള്‍ കൂട്ടുക
സന്ധ്യക്ക്‌ കോവിലില്‍ വിളക്കു തെളിയുമ്പോള്‍
പേടിമാറാനൊന്നു പ്രാര്‍ഥിച്ചു കൊള്ളുക
ഇരുട്ടി തുടങ്ങുമ്പോള്‍ ഇലച്ചാര്‍ത്തിലൊരു
മര്‍മ്മര രൂപേന സാന്നിധ്യം പകരുക
പിന്നെയും രാത്രിയിലീ മഹി വാഴുവാന്‍
നിന്‍ ഗണമോടൊത്തു താഴെയിറങ്ങുക
വിശ്വാസിച്ചാലുമില്ലെങ്കിലും വഴി നീ
വിശ്വത്തിലാകവേ അറിയപ്പെടുക
ഉത്സുകത്തോടെ നിന്‍ വാര്‍ത്ത ശ്രവിക്കുന്ന
വത്സല ചിത്തരെപ്പാട്ടിലാക്കീടുക
കദനത്തില്‍ ചാലിച്ച പ്രണയകഥയൊന്നു
മദം കലര്‍ത്തിപ്പറഞ്ഞു പഠിപ്പിക്കുക
അങ്ങനെ ഈ ലോകാന്ത്യ കാലത്തോളം
വാഴുക ധരയിതില്‍ എന്‍ പ്രേ(മ)തമേ നീ

2 അഭിപ്രായങ്ങൾ: