Powered By Blogger

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ചെന്നായ

കുളി കഴിഞ്ഞീറന്‍ തുകിലുടുത്ത്
കളി പറഞ്ഞിടവഴി താണ്ടിടുമ്പോള്‍
അരികിലെക്കാട്ടിലെ മറയിൽ നിന്നും 
കരിയില ഞെരിയുന്നൊരൊച്ച കേട്ടൂ 
പിന്നാലെ പേടിച്ച മാന്‍ കണ്ണിവേഗം 
പിന്നിട്ട വഴിയെപ്പഴിച്ചോടവേ
കയ്യിലെ ചന്ദന ഗന്ധമേറും
സോപ്പും ഉടുതുണിയാടകളും
മണ്ണിലെറിഞ്ഞു, ഭയം നിറഞ്ഞു 
കണ്ണിലിരുട്ടു പടർന്നു പാവം 
കൊതി മൂത്ത ചെന്നായ വാപിളര്‍ന്നു
വരുമ്പോള്‍ക്കുതിക്കുന്ന മുയലു പോലെ
ഇടവഴി താണ്ടുവാന്‍ ഓടിയോളോ 
വിടനവൻ പോയെന്നു കണ്ടു മെല്ലെ 
തെല്ലിട ശ്വാസമെടുക്കുവാനായ്
വല്ലിയില്‍ കൈ ചേര്‍ത്ത് നിന്നീടവെ
മെല്ലെയാ മാറിലമര്‍ന്നു കൈകള്‍
കല്ല്‌ പോല്‍ കനമുള്ള രണ്ടു കൈകള്‍
ഉറക്കെയലറിക്കരഞ്ഞിടാനായ്
ഉഴറിക്കുതിച്ചവൾ നോക്കിയപ്പോള്‍
കൈ കാലു വായയും ബന്ധിച്ചവന്‍
മൈക്കണ്ണിലൂടെ ഭയമൊഴുകീ
നൻമേനി മുഴുവന്‍ തീപടർന്നൂ
കല്‍ വിളക്കെന്ന പോൽ നിന്നുകത്തീ 
ചേലയെരിഞ്ഞതിന്‍ ചൂടിനാലേ
മാലയുരുകിയാ താപത്താലേ
തൃഷ്ണ തീർന്നുള്ള ചെന്നായയപ്പോള്‍
ഉഷ്ണത്തിന്‍ നീരു കുടഞ്ഞെറിഞ്ഞ്
ഒരു പുകയതിനുള്ള തീ എടുത്ത്
ശേഷിച്ചതെല്ലാമവൾക്കു നൽകി 
ആപാദചൂഡമതിലുരുകി
വെന്തു വെണ്ണീറായ് കരിഞ്ഞടങ്ങി 
പല്ലും നഖവും എല്ലും മാത്രം
പുല്ലുകള്‍ക്കിടയില്‍ത്തണുത്തുറഞ്ഞു
ഒന്നുമറിയാത്ത ശുദ്ധനെപ്പോൽ 
ചെന്നായ പുഴ നീന്തിക്കടന്നു പോയീ

1 അഭിപ്രായം: