Powered By Blogger

2011, ജനുവരി 16, ഞായറാഴ്‌ച

യാത്ര

കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി ഒഴുകുന്നു ജീവന്‍
തട്ടിത്തിരിഞ്ഞും ചെറുതായുലഞ്ഞും
തീരത്തിലെത്താനൊഴുകുന്നു ജീവന്‍
ചക്രവാളത്തിന്നരികിലായ്, ദൂരെ
സന്ധ്യാംബരം പോലെ കാണാവു തീരവും
തീരത്തിനോരത്ത് ചാരത്തിന്‍ ചാരെ
പന്നഗധാരിയം മുക്കണ്ണ രൂപം
തൃക്കണ്ണിന്‍ ചെന്തീയില്‍ ചിന്തിയ ജീവനെ
താമരത്തേനൂറ്റി പുതുക്കുന്നു ബ്രഹ്മന്‍
അരുളുന്നു ജീവന്നൊരു യാത്രകൂടി
ഏകുന്നിണങ്ങുമീ ദേഹമതിന്നായി
തീരമണയും വരിഗ്ഗതി തുടരാന്‍-
അനുഗ്രഹിച്ചീടുന്നു മോഹിനീ രൂപനും
ഓളങ്ങളില്‍ തട്ടിയുലഞ്ഞിടുമ്പോഴും ഞാ-
നൊപ്പമുണ്ടെന്നോതി പുഞ്ചിരി തൂകുന്നു
ഉപ്പേറെയേറുമീ സംസാരക്കടലിന്ന-
ജ്ഞാതമാകുന്ന മറ്റേതോ ഭാഗത്ത്
വരദാനമായിക്കിട്ടിയ ദേഹത്തില്‍
അജ്ജീവനിന്നും തുടരുന്നീ യാത്ര
ഇടവേളയില്ലാത്ത ജീവിതയാത്ര
ഒരുവേള നില്‍ക്കാത്ത ജീവനയാത്ര
കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി തുടരുന്നൂ യാത്ര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ