Powered By Blogger

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഉത്സവ രാവുകൾ

ഹരിത കോമള കേരള നാട്ടിലെ-

പ്പെരുമയേറുമൊരുത്സവസന്ധ്യതൻ

വരവുകാത്തിവിടക്ഷമനായിഞാ-

നൊരുവിധംദിനമങ്ങനെ നീക്കയാം


വില്വാദ്രി തൊട്ടങ്ങു തുടങ്ങിടുന്നൂ

ചൊല്ലേറിടും മേളമഹാമഹങ്ങൾ

വല്ലാത്തൊരാനന്ദരസത്തിലാഴാ-

നെല്ലാവരും കച്ച മുറുക്കിയാട്ടെ


പൂർണ്ണത്രയീശന്റെ നടപ്പുരയ്ക്കൽ

സ്വർണ്ണത്തിടമ്പിൻപ്രഭ കണ്ടു നിൽക്കാം

എണ്ണം തികഞ്ഞുള്ളൊരു വേദിയിങ്കൽ

പൂർണ്ണാനുമോദം പലരാവു കൂടാം


പഞ്ചാരിയാദ്യം ജനമാനസത്തെ-

പ്പഞ്ചാരവാക്കോതി മയക്കിയേടം

കൊഞ്ചുംകിടാവ,ല്ലൊരുകല്ലു പോലും

പഞ്ചാരി കൊട്ടുന്ന നടയ്ക്കു പോകാം


ദേവസംഗമമൊരുങ്ങയാണിനി-

ത്തേവരക്കരകടന്നു തോണിയിൽ

ആവതുള്ളവരൊരിക്കലെങ്കിലും

പോവണം ഗരിമ കണ്ടു കൂടണം


ശക്തന്റെ ബുദ്ധിയ്ക്കു നമിപ്പു, നാടിൻ

ശക്തിയ്ക്കൊരുക്കീയൊരുപൂരമന്നാൾ

തൃശ്ശൂരിലെപ്പൂരമഹോത്സവംതാൻ

വശ്യാംഗിയായിന്നുലകം ഭരിപ്പൂ


സംഗമേശ!തവമുന്നിലായിതാ

മംഗളം പറയുമുത്സവങ്ങൾ ഹാ!

തുംഗനാകിയഭവാൻകൃപാരസം

ഭംഗിയോടെയരുളേണമേ സദാ









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ