Powered By Blogger

2012, ജനുവരി 8, ഞായറാഴ്‌ച

നേര്‍വഴി

വഴി തേടിയെത്തിയതാണു ഞാന്‍- നേര്‍വഴി-
നിഴല്‍വീണ മനസ്സിന്റെയിടവഴിത്തണല്‍ വിട്ട്
നേര്‍വഴിയേതെന്നു നിശ്ചയമില്ലാതെ
പലവഴിയോടിത്തളര്‍ന്നു പോയ്‌ വല്ലാതെ

തലമുറയലമുറയിട്ടൊരാ താവഴി-
യ്ക്കാവഴി നേടിയ പൌരുഷത്തിന്‍ വഴി
കളിചിരി നിറയുന്ന പൂമുഖത്തിന്‍ വഴി
ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഇടനാഴി
ദേവകള്‍ സന്തതം കാക്കുന്ന സ്സ്വവ്വഴി
മന്ത്രങ്ങളായിരം മുഴങ്ങുന്ന തിരുവഴി
യക്ഷികള്‍ പേക്കൂത്തു തുടരുന്ന പേവഴി
തന്ത്രങ്ങളെല്ലാം ഫലിക്കുന്ന തീ വഴി
സമ്പത്തു വാഴുന്ന കോളനിത്തനിവഴി
ദീനതയില്‍ മുങ്ങിക്കഴിയുന്ന പെരുവഴി

നീളുന്നു പിന്നെയും വഴികളീലോകത്ത്
നേര്‍വഴിയേതെന്നറിയുമോ വല്ലോര്‍ക്കും?
മറുപടിയൊന്നും ലഭിച്ചില്ല; താന്താങ്ങള്‍-
പ്പോകുന്ന വഴിതന്നെശ്ശരിവഴിയെന്നു;മെന്‍-
നിഴല്‍വീണ മനസ്സിന്നിടവഴി നേര്‍വഴി;-
യാവഴി തന്നെയീ യാത്ര തുടരുന്നു ഞാന്‍

3 അഭിപ്രായങ്ങൾ:

  1. നീളുന്നു പിന്നെയും വഴികളീലോകത്ത്
    നേര്‍വഴിയേതെന്നറിയുമോ വല്ലോര്‍ക്കും?

    അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  2. കവിതയുടെ മുന്നില്‍ത്തന്നെയുണ്ട് നേര്‍വഴി.തുടരുക.

    മറുപടിഇല്ലാതാക്കൂ
  3. തലമുറയലമുറയിട്ടൊരാ താവഴി-
    യ്ക്കാവഴി നേടിയ പൌരുഷത്തിന്‍ വഴി
    കൊള്ളാം.ഭാവുകങ്ങള്‍......തുടരുക...

    മറുപടിഇല്ലാതാക്കൂ